മാനന്തവാടി: പൊതുമരാമത്ത് വകുപ്പും ജില്ലാ കലക്ടറും ശുപാർശ ചെയ്തിട്ടും കണ്ണൂർ കണ്ണൂർ - വയനാട് വിമാനത്താവള റോഡിൻ്റെ ഭാഗമാകേണ്ടിയിരുന്ന ചുരമില്ലാ പാതയെ ഒഴിവാക്കിയതിൻ്റെ രേഖകൾ പുറത്ത്. ഏറ്റവും സുഗമവും സുരക്ഷിതവുമായ റോഡുകൾ നിർമിക്കേണ്ടി വരുന്നത് വിമാനത്താവളങ്ങളിലേക്കുള്ള യാത്രയ്ക്ക് വേണ്ടിയാണ്. എന്നാൽ കണ്ണൂർ വിമാനത്തവളത്തിലേക്ക് വയനാട്ടിൽ നിന്ന് സുരക്ഷിത പാതയോ സുഗമയാത്രയോ വേണ്ടെന്ന് തീരുമാനിക്കുകയും ഒരു തട്ടിക്കൂട്ട് 4 വരി പാത ഒരുക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ് എന്ന ന്വേഷണം ചെന്നെത്തുമ്പോൾ തെളിയുന്നത് ജനങ്ങളെ അതിവിദഗ്ധമായി ചതിക്കുന്ന ഒരു ഗൂഢപദ്ധതിയിലേക്കാണ്. കണ്ണൂർ വയനാട് യാത്രയിൽ സുരക്ഷിതത്വവും സുഗമവുമായ ഒരു റോഡ് ഒരുക്കാൻ കഴിയില്ല എന്ന യാഥാർത്ഥ്യം മറച്ചു വച്ചു കൊണ്ടാണ് വെറും നാലര പഞ്ചായത്തുകളിൽ മാത്രം നാല് വരി പാത പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നത്. 1950 കോടി രൂപയാണ് ഈ 4 വരി പാതയ്ക്കായി നീക്കിവച്ചിട്ടുള്ളതെന്ന പ്രഖ്യാപനവും പാഴായി. ഇനി അവശേഷിക്കുന്നത് 1690 കോടി മാത്രം! പാരിസ്ഥിതിക ആഘാത പഠനം നടത്തിയ വിവരം ആർക്കുമറിയില്ല. സാമൂഹികാഘാത പഠനം നടത്തിക്കഴിഞ്ഞതോടെ 250 കോടിയോളം രൂപ പദ്ധതിയിൽ കുറവ് വന്നിരിക്കുകയുമാണ്. വയനാട് ജില്ലയിലേക്ക് 4 വരി പാത നീട്ടാത്തതിൻ്റെ കാരണം തിരഞ്ഞു പോകുമ്പോൾ ആണ് പൊതുമരാമത്ത് വകുപ്പ് ചുരം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ നൽകിയ റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ പുറത്തു വരുന്നത്. എല്ലാ ചുരം റോഡുകളും പ്രകൃതി ദുരന്തഭീഷണിയുടെ ഭീകരതയ്ക്ക് മുന്നിൽ നിന്ന് രക്ഷപ്പെടാൻ വഴിയറിയാതെ നട്ടം തിരിയുമ്പോൾ ആണ് ഏറ്റവും സുഗമ സുരക്ഷിത യാത്ര ഒരുക്കേണ്ട വിമാനത്തവളത്തിലേക്കുള്ള പാതയുടെ പദ്ധതിയിൽ നിന്ന് ചുരമില്ലാ പാതയെ അതിവിദഗ്ധമായി ഒഴിവാക്കുകയായിരുന്നു എന്ന് വ്യക്തമാകുന്നത്. ചുരമില്ലാപതയെ അട്ടിമറിച്ചതാണെന്ന് പുറത്തു വരുന്ന രേഖകളിൽ നിന്ന് വ്യക്തമാണ്. വിമാനത്താവള റോഡ് പദ്ധതി സജീവ ചർച്ചാ വിഷയമായിരുന്ന 2004 മുതൽ വയനാട് റോഡിൻ്റെ ഭാഗമായി ചുരമില്ലാ പാത പരിഗണിക്കുമെന്ന് ജനങ്ങൾ വിശ്വസിച്ചിരുന്നു. എന്നാൽ ഇടക്കാലത്ത് മലയോര ഹൈവേ നിർമാണം പ്രധാന ചർച്ചാ വിഷയമായപ്പോൾ അതിൻ്റെ ഭാഗമാകും ചുരമില്ലാ പാത എന്നും ജനം കരുതി. 2009 ൽ പൊതുമരാമത്ത് വകുപ്പ് ചുരം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് സംബന്ധിച്ച് വയനാട് ജില്ലാ കലക്ടർക്ക് നൽകിയ വിശദീകരണ കത്ത് ആണ് പുറത്തു വരുമ്പോൾ ആണ് അട്ടിമറി എത്ര കൃത്യമായി നടത്തി എന്ന് ഇപ്പോൾ വ്യക്തമാകുന്നത്. കണ്ണൂർ വിമാനത്തവളവുമായി വയനാടിനെ ബന്ധിപ്പിക്കാൻ കൊട്ടിയൂർ അമ്പായത്തോട് തലപ്പുഴ 44-ാം മൈൽ റോഡാണ് നല്ലതെന്നാണ് അന്ന് എക്സിക്യൂട്ടീവ് എൻജിനീയർ ശുപാർശ ചെയ്തിരുന്നത്. എന്നാൽ ഇതേ 2009ന് ശേഷമാണ് ചുരമില്ലാ പാത നിർമ്മിക്കാതിരിക്കാൻ നിരവധി കേന്ദ്രങ്ങളിൽ നിന്ന് രഹസ്യസമ്മർദ്ദങ്ങൾ ശക്തമായത്. 2009 ലെ സംസ്ഥാന ബജറ്റിൽ 14 കോടി രൂപ ചുരമില്ലാ റോഡ് നിർമാണത്തിനായി വകയിരുത്തിയെന്ന പ്രഖ്യാപനം ഉണ്ടായിട്ട് പോലും പാതയെ തടയാൻ ഉന്നതതലത്തിൽ ഇടപെടലുകൾ ഉണ്ടായി എന്ന് തെളിയിക്കുന്നതാണ് ഈ കത്ത്. മാത്രമല്ല 2011 ൽ തിരക്കിട്ട് കൊട്ടിയൂർ വനത്തെ വന്യ ജീവി സങ്കേതമാക്കി പ്രഖ്യാപിക്കുകയും ചെയ്ത് തന്ത്രപൂർവ്വം റോഡിനുള്ള സാധ്യത അടയ്ക്കാനും സംസ്ഥാന സർക്കാർ ശ്രമിച്ചു. പകരം ബഹുകോടികൾ ഒഴുക്കിയാൽ പോലും പണിതീരാത്ത ഒരു റോഡാണ് അതി വികസനവാദികൾ ശുപാർശ ചെയ്തത് എന്നതാണ് അട്ടിമറി എത്ര ആസൂത്രിതമായിരുന്നു എന്ന് വ്യക്തമാക്കുന്നത്. മാത്രമല്ല കൊട്ടിയൂർ മുതൽ മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴ വരേയും വനാതിർത്തി മേഖലകളയും പഞ്ചായത്തുകളും പരിസ്ഥിതി ലോല മേഖലകളാക്കി പ്രഖ്യാപിക്കാനും ശ്രമങ്ങൾ പലവിധത്തിൽ തുടർന്നു. ഇപ്പോഴും ആ ഭീഷണി നിലനിൽക്കുകയാണ്. അതിന് മറയിടാനാണ് ഒരിക്കലും പൂർണ്ണമായി 4 വരി പാത സാധ്യമാക്കാൻ കഴിയാത്ത വയനാട്- പേരാവൂർ - കണ്ണൂർ വിമാനത്താവള പാതയെ ഉയർത്തിപ്പിടിക്കുന്നത്. ഇതിൽ ആദ്യം തകർക്കുക കൊട്ടിയൂരിലെ പട്ടണങ്ങളെയാണ്. ഇരുവശവും പരിസ്ഥിതി ദുർബല മേഖലകൾ ഉള്ള കേളകം, കണിച്ചാർ പഞ്ചായത്തുകളെയാണ് പരിസ്ഥിതി ലോല - ദുർബല വിഭാഗങ്ങളിൽ പെടുത്തി ഒതുക്കുക. ഇക്കാര്യങ്ങളിലേക്ക് കൂടി വെളിച്ചം വീശുന്നതാണ് പുറത്ത് വരുന്ന രേഖ. ചുരം ഇല്ലാത്ത പാതയെ ശുപാർശ ചെയ്യുന്ന രേഖയിൽ പറയുന്ന മറ്റൊരു റോഡ് അതീവ പരിസ്ഥിതി ദുർബല മേഖലയിലൂടെയാണ് കടന്നു പോകുന്നതെന്നും വിമാനത്താവള റോഡിന് യോജിച്ചതല്ലെന്നും പറയുമ്പോൾ തന്നെ അട്ടിമറി വ്യക്തമാണ്. എന്നിട്ടും ചുരമില്ലാ പാത കടന്നു പോകുന്ന പ്രദേശത്തെ അതിവേഗം വന്യജീവി സങ്കേതത്തോട് ചേർക്കുകയും അതീവ പരിസ്ഥിതി ദുർബല മേഖലയിലെ റോഡിനെ അതിവേഗം വിമാനത്താവള റോഡാക്കി മാറ്റുകയും ചെയ്ത സർക്കാർ മാജിക് ഇപ്പോഴും തുടരുകയാണ്. മാത്രമല്ല പരിസ്ഥിതി ലോല മേഖലയാണെന്ന് പറയപ്പെടുന്ന വയനാട്ടിലെ തവിഞ്ഞാൽ പഞ്ചായത്ത് മുതൽ നാല് വരി പാതയുടെ വീതി വെറും 12 മീറ്റർ മാത്രം. മലയോര ഹൈവേ എന്ന് പേരും കൊടുത്തു. അതേ പരിസ്ഥിതി ലോല മേഖലയെന്ന് പറയപ്പെടുന്ന കൊട്ടിയൂർ കേളകം കണിച്ചാർ പഞ്ചായത്തുകളിൽ 24 മുതൽ 48 മീറ്റർ വരെ വീതിയിൽ ഭൂമി ഏറ്റെടുത്ത് 4 വരി പാത നിർമിക്കാൻ പദ്ധതി. ഇടയ്ക്ക് പരിസ്ഥിതി ദുർബല ചുരം ഭാഗത്ത് ലഭിക്കാവുന്ന പരമാവധി വീതിയിൽ റോഡ് നിർമിക്കുമെന്ന് പ്രഖ്യാപനവും. ചുരത്തിൽ ഒരു 60 മീറ്റർ വീതിയെങ്കിലും ഉണ്ടാകുമെന്നാണ് ഈ പ്രഖ്യാപനം കേട്ടാൽ തോന്നുക.എന്നാൽ നിലവിൽ ചുരത്തിൽ ഉള്ള റോഡിൻ്റെ വീതി 5 മുതൽ 3.8 മീറ്റർ വരെയാണ്. എന്നിട്ടും ചുരമില്ലാ പാത നിർമിച്ച് വിമാനത്താവള റോഡ് സുഗമ യാത്രക്ക് സൗകര്യപ്പെടുത്താമെന്നല്ല സർക്കാരും കുത്സിത പദ്ധതി ആസൂത്രകരും ചിന്തിക്കുന്നത്.
Sabotage in the Kannur - Wayanad airport road project. Who excluded the Churamilla road from the project?